തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ പേരിൽ എസ്ബിഐ, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലുള്ള 11 കോടിയുടെ അക്കൗണ്ട് ഐഡിബിഐ ബാങ്കിലേയ്ക്ക് മാറ്റാനുള്ള നഗരസഭ ഭരണ നേതൃത്വത്തിന്റെ ശ്രമം പ്രതിപക്ഷ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടു. കൗൺസിൽ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തിയ അക്കൗണ്ട് മാറ്റൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വരികയായിരുന്നു.
കൗൺസിൽ യോഗത്തിൽ അജണ്ട വായിച്ച ഉടൻ തന്നെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് യു. മധുസൂദനൻ അജണ്ടയിൽ നിന്നും ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബിജെപി പാർലമെന്ററി സമിതിയുടെ തീരുമാന പ്രകാരമായിരുന്നു ഭരണകക്ഷി നേതാവ് അജണ്ട പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചത്. തുടർന്ന് സംസാരിച്ച എൽഡിഎഫ് അംഗങ്ങളും അക്കൗണ്ട് മാറ്റത്തെ എതിർത്തു. അക്കൗണ്ട് മാറ്റാനുള്ള ശ്രമത്തിലൂടെ നഗരസഭ ചെയർപേഴ്സൺ അഴിമതിക്ക് നേതൃത്വം നൽകുകയാണെന്നും ആരോപിച്ചു
അക്കൗണ്ട് മാറ്റം മൂലം മുനിസിപ്പാലിറ്റിക്ക് പലിശയിനത്തിൽ ഒരു വർഷം 11 ലക്ഷം രൂപ നഷ്ടപ്പെടുമെന്നും ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിലൂടെയുള്ള അഴിമതിയാണെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. പ്രതിഷേധത്തിനൊടുവിൽ അജണ്ട പിൻവലിക്കാനുള്ള തീരുമാനം കൗൺസിൽ കൈക്കൊണ്ടു.
ഏരിയാ കമ്മിറ്റിയംഗങ്ങളെ പോലും സിപിഎം വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ചെയർപേഴ്സൺ
തൃപ്പൂണിത്തുറ: സ്റ്റിയറിംഗ് കമ്മിറ്റി തീരുമാന പ്രകാരമാണ് അക്കൗണ്ടുകൾ മാറ്റാൻ തീരുമാനമെടുത്തതെന്നും അത്താഘോഷ സമിതി കൺവീനറായിരുന്ന സിപിഎമ്മിന്റെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനാണ് അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടി അക്കൗണ്ടുകൾ ഐഡിബിഐ ബാങ്കിലേക്ക് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും ചെയർപേഴ്സൺ പി.എൽ. ബാബു പറഞ്ഞു. കൗൺസിലിലും ഏകകണ്ഠമായി തന്നെ തീരുമാനിക്കണമെന്ന ചെയർപേഴ്സന്റെയും വൈസ് ചെയർപേഴ്സന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ടുകളുടെ തൽസ്ഥിതി തുടരട്ടെയെന്നും കൗൺസിൽ തീരുമാനിച്ചതെന്നും പി.എൽ. ബാബു പറഞ്ഞു.